ravi |
രവി ചേട്ടനറിയാതെ പട്ടണത്ത് ഒരു ഇല പോലും അനങ്ങില്ല.
അതിനൊക്കെ പുള്ളിക്കൊരു കണക്കൊണ്ട് , കാര്യങ്ങൾ ഒക്കെ അങ്ങനങ്ങു നടക്കും .രവി ചേട്ടന്റെ ചരിത്രത്തിനു ഒരു പക്ഷെ ഭാരത സംസ്കാരത്തിന്റെ ഗതി വിഗതികൾ നിർണ്ണയിക്കാനുള്ള പ്രാധാന്യം ഇല്ലായിരിക്കാം .പക്ഷെ ഒരു മനുഷ്യായുസ്സിനെ എത്രത്തോളം ലളിതമായി കാണാം എന്നു പഠിപ്പിച്ചു കൊടുക്കാനുള്ള സൂത്രമുണ്ട്. അതിന്റെ ഒരു സർവവിജ്ഞാനകോശം തന്നെയാണ് ഈ മനുഷ്യൻ .
പണ്ട് എഴുപതുകളിൽ നാട്ടുകാരനായ സുഹൃത്തിനൊപ്പം ഉണക്കമീനിന്റെ പങ്കു കച്ചവടുമായി ബോംബയ്ക്ക് വണ്ടി കേറിയതു മുതൽ , ഒടുവിൽ ആ കൂട്ടുകാരാൻ സ്വന്തം കാശുമായി മുങ്ങിയത് അറിഞ്ഞിട്ടും പകരം വീട്ടാനോ കരഞ്ഞ് നിലവിളിച്ചു നാട്ടിലേക്കുള്ള അടുത്ത വണ്ടി പിടിക്കാനോ നില്ക്കാതെ വന്നു പിറന്നു പോയ ഈ ഉലകത്തിൽ എങ്ങനെ പിഴച്ച് പോകാം എന്ന സാർവ്വലോക പ്രശ്നത്തെ നേരത്തെ പറഞ്ഞ ലളിതവല്ക്കരണ പ്രക്രിയയിലൂടെ തരണം ചെയ്തു , ചുവന്ന തെരുവിലെ രാത്രികൾ ആഘോഷമാക്കി മാറ്റിയ ആ മനുഷ്യനെ ഞാൻ പരിചയപ്പെടുന്നത് പട്ടണത്തെ ചരിത്രമുറങ്ങുന്ന മണ്ണിന്റെ അടരുകൾ കൊത്തിയിളക്കുന്നതിനിടയിൽ സന്ദർശകരായി വരുന്ന ചരിത്ര ഗവേഷണ വിദേശികൾക്കും ,അടുത്ത ബിനാലെയ്ക്ക് എന്ത് പടച്ചു വിടാം എന്നന്വേഷിച്ചു വരുന്ന നാടൻ ബുദ്ധിജീവികൾക്കും ഒരുപോലെ രസിക്കുന്ന 'കേരള ചരിത്രം - രവി എഡിഷൻ ' ഒരു ദിനേശ് ബീഡി കത്തിതീരുന്ന നേരം കൊണ്ട് വിളമ്പുന്നതിനിടയിലാണ് . പിന്നീട് പ്രായ വ്യത്യാസം മറന്നു പോയ നാളുകളിൽ ഉടലെടുത്ത സൗഹൃദം, കഥകൾ ഒരുപാടുണ്ട് പറയാൻ..
No comments:
Post a Comment