സമതലത്തിൽ നല്ല വെയിലായിരുന്നുവെങ്കിലും വയലടക്കുന്നിലേക്ക് ഫോർ വീൽ ഡ്രൈവിൽ കേറുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു . കൂടെയുണ്ടായിരുന്നത് ഒരു ആണ്‍ ഫോട്ടോഗ്രാഫറും പിന്നെ സഹപ്രവർത്തകയും വിദേശിയും ഗവേഷകയുമായ പെണ്‍കുട്ടിയും. തവിട്ടിന്റെ ഉൽഘനന പറമ്പിൽ നിന്ന് അൽപം ശാന്തത തേടിയാണ് പച്ചപ്പിന്റെ വയലടക്കുന്നിലെയ്ക്കു വച്ച് പിടിച്ചത്. ശാന്തിയുടെ ഗിരിശ്രിന്ഗങ്ങൾ കേറുന്നതിനു മുൻപ് അല്പം തെങ്ങിൻ കള്ള് കുടിക്കാനുണ്ടായ പൂതിയാണ് ഗ്രാമത്തിലെ കലർപ്പില്ലാത്ത കള്ള് വിതരണം ചെയുന്ന ഷാപ്പിൽ എത്തിച്ചത് .പുരോഗമനവാദം പറയാറുണ്ടെങ്കിലും കൂടെയുണ്ടായിരുന്നത് ഒരു വിദേശിയും അതിലുപരി ഒരു പെണ്‍കുട്ടിയുമായതിനാൽ ഷാപ്പിലെ സ്വീകരണമുറിയിൽ വലതുകാലെടുത്തുവെച്ചപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു . പക്ഷെ കള്ള് സേവിക്കുന്നവരും സേവിച്ചവരും നമ്മളോട് കാണിച്ച ആധിത്യ മര്യാദ കണ്ടപ്പോൾ എൻറെ കണ്ണ് നിറഞ്ഞു പോയി. കേരളത്തിൽ ഇങ്ങെനെയും ഒരു ഗ്രാമമോ ?? നമ്മുടെ നാടിന്റെയും നാട്ടുകാരുടെയും സദാചാരബോധത്തെ മുൻവിധിയോടെ വിലകുറച്ച് കണ്ട എൻറെ മനസ്സിനെ കുറ്റബോധത്താൽ സ്വയം വിമർശിച്ചു കൊണ്ട് നമ്മൾ യാത്ര തുടർന്നു . മഞ്ഞും , മലകളും ,മഴയും കണ്ടു നേരം ഇരുണ്ടു തുടങ്ങിയപ്പോൾ പതിയെ മലയിറങ്ങി തുടങ്ങി . തുറന്ന ജീപ്പിലെ യാത്രയും തണുത്ത കാലാവസ്ഥയും നമ്മളെ അടിവാരത്തുള്ള ഒരു ചായക്കടയിൽ എത്തിച്ചു . കട്ടനും ,ബണ്ണും , ഗോൾഡ് ഫ്ലയ്ക്കും , രണ്ടാഴ്ച പഴക്കമുള്ള കേക്കും മാത്രം കിട്ടുന്ന ഒരു ' ടിപ്പിക്കൽ ' ഹൈറേഞ്ച് ചായക്കട.
മഴ നനഞ്ഞു വന്നു കേറിയ പെണ്ണിനേയും കുടെയുള്ള 2 ആണുങ്ങളെയും കണ്ടപ്പോൾ ഷാപ്പിലെ കുടിയന്മാരുടെ നോട്ടത്തിൽ ഇല്ലാതിരുന്ന ഒരു ചോദ്യചിഹ്നം ചായക്കടയിലെ ചേട്ടന്റെയും ആ കടത്തിണ്ണയിൽ ഒരു പണിയുമില്ലാതെ ദിവസം മുഴുവൻ ബീഡിയും വലിച്ച് മോദിയെം പുകഴ്ത്തി കുത്തി ഇരിക്കുന്ന കസ്റ്റമർസിന്റെ മുഖത്ത് ഞാൻ കണ്ടു. ചായചേട്ടന്റെയും കസ്റ്റമെർസിൽ ചിലരുടെയും അടക്കം പറച്ചിലിന്റെ സാരാംശം പിടികിട്ടിയ ഞാൻ എന്റെ സഹ- ഫോട്ടൊഗ്രഫെരോട് രണ്ടും കല്പ്പിച്ചു നില്ക്കാൻ ചെവിയിൽ മന്ത്രിച്ചു . ചായകുടിച്ചു തീരുന്ന നേരം കൊണ്ട് കസ്റ്റമർസിന്റെ എണ്ണത്തിന് കനം വെച്ചു . ചിലര് മൊബൈൽ ഫോണിൽ വിളിച്ച് rocket വിട്ട മാധവൻ നായരുടെ മുഖഭാവത്തോടെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു . ഒന്ന് രണ്ടു പേർ ജീപ്പിന്റെ ഉള്ളിൽ നിന്ന് ' തെളിവുകൾ ' വല്ലതും കിട്ടുമോയെന്ന് തപ്പുന്നുണ്ടായിരുന്നു .
ഞങ്ങൾ യാത്ര തുടർന്നു . അവന്മാരുടെ കൂട്ടത്തിൽ തടിമിടുക്ക് ഉള്ളവന്മാർ ഇല്ലാത്തതിനാൽ വിഘ്നങ്ങൾ ഒന്നും സംഭവിച്ചില്ല. ചായക്കടയിലെ ആൾക്കൂട്ടത്തിന്റെ പെരുമാറ്റത്തിനെ പറ്റി ആരാഞ്ഞ പെണ്‍ സുഹൃത്തിനോട് അറിയാവുന്ന ഇംഗ്ലീഷിൽ പറ്റാവുന്നത്ര മോശമായി നമ്മുടെ നാടിന്റെ സദാചാരബോധത്തിന്റെ ഒരു ചിത്രം നല്കി.നേരത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ കുറ്റബൊധം അപ്പോഴാണ് ഒന്ന് മാറി കിട്ടിയത് .
ബാക്കിപത്രം : കള്ള് കുടിച്ചു ബോധാമില്ലാതാകുമ്പോൾ ഇല്ലാതാകുന്നതാണോ അതോ ചായ കുടിച്ച് ഉന്മേഷം വരുമ്പോൾ ഉണ്ടായിവരുന്നതാണോ സദാചാരബോധം ?
No comments:
Post a Comment