ഫോഴ്സ് മജുറ(2014 , Sweden )
Director : Ruben Östlund
നമ്മൾ ഏതോ കാലത്തു സിനിമ കണ്ടു തുടങ്ങുന്നു , സിനിമകൾ ഇഷ്ടപ്പെടുന്നു , സിനിമപ്രേമി ആവുന്നു . സിനിമയിൽ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവുന്നു, ഇഷ്ടമില്ലാത്ത സിനിമകൾ , ഇഷ്ടമുള്ള സിനിമകൾ അങ്ങനെ
സബ്ജെക്റ്റീവ് ആയ വേർതിരിവുകൾ വരുന്നു . കൂടുതൽ അറിയാനായി വീഡിയോ എസ്സേകളും എഴുത്തുകളും ഫോളോ ചെയുന്നു. ഓരോ കാലത്തും നമ്മടെ സിനിമാപ്രാന്തിന്റെ ബെഞ്ച്മാർക്കായി വിപ്ലവകരമായ ഒരു സിനിമ കാണുന്നു. ഈ വിപ്ലവം അതിന്റെ ക്രാഫ്റ്റിലോ , രാഷ്ടീയത്തിലോ , പ്രമേയത്തിലോ അങ്ങനെ എന്തിലും ആവാം. അങ്ങനെ ക്റാഫ്റ്റിലും പ്രമേയത്തിലും ഒക്കെ പുതുമയുള്ള ഒരു സിനിമയാണ് ഫോഴ്സ് മജുറ .
പരിണാമത്തിലൂടെ പുരോഗമിച്ചു വന്ന ഇന്നത്തെ മനുഷ്യൻ , പ്രിമിറ്റീവ് ആയ എന്നാൽ ഇന്നും നമ്മളിൽ അവശേഷിക്കുന്ന survival instinct, ഇത് രണ്ടിന്റെയും juxtaposition- ലൂടെ ഇന്നത്തെ കാലത്തെ റിലേഷൻഷിപ്പിന്റെ ഒരു പഠനം ആണ് ഈ സിനിമ. ഫോഴ്സ് മജുറ എന്നാൽ an act of god , തടയാൻ പറ്റാത്ത വിപത്തു എന്നൊക്കെ അർത്ഥം .
മഞ്ഞു മൂടിക്കിടക്കുന്ന ആൽപ്സ് പർവ്വതനിരയിലെ തീം പാർക്ക് പോലെ തോന്നിക്കുന്ന ഒരു സ്കീയിങ് കേന്ദ്രം ആണ് പശ്ചാത്തലം. അവിടെ അവധിക്കാലം ചിലവിടാൻ വരുന്ന , രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബം ആണ് പ്രധാന കഥാപാത്രങ്ങൾ. അപ്രതീക്ഷിതമായി വരുന്ന ഒരു avalanche ( ഉരുൾ പൊട്ടലിന്റെ സ്നോ വേർഷൻ ) നമ്മുടെ കുടുംബാങ്ങങ്ങളുടെ നേർക്ക് വരുന്നു, ഫ്രാക്ഷൻ ഓഫ് സെക്കൻഡ്‌സിൽ നടക്കുന്ന പ്രതിഭാസം കാണുന്ന അച്ഛൻ - അയാൾ ജീവനും കൊണ്ട് ഓടുന്നു, അമ്മയും കുഞ്ഞുങ്ങളും അനങ്ങാനാവാതെ അവിടെ തന്നെ നില്കുന്നു. കുറച്ചു കഴിഞ്ഞു മഞ്ഞെല്ലാം അടങ്ങുമ്പോൾ ആർക്കും അത്യാഹിതം ഒന്നും സംഭവിച്ചിട്ടില്ല എന്ന് നമ്മൾക്കു മനസ്സിലാവുന്നു ,ഓടിയ അച്ഛൻ ഒരു ഇളിഞ്ഞ ചിരിയോടെ തിരിച്ചു വരുന്നു. ഏകദേശം 5 മിനിറ്റോളം നീളമുള്ള ഈ ഒറ്റ ഷോട്ടിലാണ് കഥയിലെ ശെരിക്കുമുള്ള 'avalanche' തുടങ്ങുന്നത്.
ആർട് സിനിമയുടെ സവിശേഷ സ്വഭാവങ്ങൾ ഒന്നും ഇല്ലെങ്കിലും നരേറ്റീവ് സ്വഭാവം ഉള്ള ഒരു ആര്ട്ട് സിനിമ എന്ന് വേണമെങ്കിൽ പറയാം. കാച്ചിക്കുറുക്കിയ കമ്പോസിഷൻസ് , അധികവും നിശ്ചലമായ മിഡ്- ലോങ്ങ് ഷോട്ടുകൾ, പ്രകൃതി - മഞ്ഞിനെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയുമായി താരതമ്യം ചെയുന്ന കട്ടുകൾ, നീളമുള്ള സ്വാഭാവിക സംഭാഷണങ്ങളിലൂടെ ഇമോഷൻസ് കൺവെ ചെയ്യുന്ന അഭിനേതാക്കളുടെ സൂക്ഷ്മ പ്രകടങ്ങൾ , ഒടുവിൽ ക്ലൈമാക്സ് എന്ന് തോന്നിക്കുന്ന - ലക്ഷ്യപ്രാപ്തിയിൽ എത്തി എന്ന ഫീൽ നൽകുന്ന സീനിനു ശേഷമുള്ള തികച്ചും non - judgemental ആയിട്ടുള്ള epilogue സ്വഭാവമുള്ള ഒരു സീനിൽ സിനിമ തീരുന്നു.
കഥയെ ദൂരെ നിന്ന് കാണുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്ന സിനിമ ഏതൊരു മനുഷ്യനും റിലേറ്റു ചെയ്യാൻ പറ്റുന്ന ഇമോഷൻ ആണ് കൈകാര്യം ചെയ്യുന്നത്. ഒരു അത്യാപത്തു വന്നാൽ നിങ്ങൾ ആദ്യം നിങ്ങളുടെ ജീവൻ രക്ഷിക്കാൻ നോക്കുമോ അതോ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കുമോ? സിവിലൈസ്ഡ് മനുഷ്യന്റെ മോറൽസ് അവന്റെ /അവളുടെ തന്നെ പ്രിമിറ്റീവ് വാസനകളുടെ മുന്നിൽ ഇല്ലാതാവുന്ന രസകരമായ സീനുകളാണ് ഉടനീളം കാണുന്നത്. കഥാ പുരോഗതിക്കു വളരെ പ്രാധാന്യം ഉള്ള ചുരുക്കം കഥാപാത്രങ്ങളെ പിന്നീട് വരുന്നുള്ളു. എടുത്തു പറയേണ്ട cinematography ആണ്- അധികവും നിശ്ചലമായി ഇരുന്നുകൊണ്ട് തന്നെ കഥാപാത്രങ്ങളെയും മറ്റു ചലന വസ്തുക്കളെയും സ്വാഭാവികമായി ഫ്രയിമിനുള്ളിലേക്ക് കടത്തിവിട്ട് ഒബ്‌സെർവിങ് മോഡിലുളള ഷൂട്ടിംഗ്. ഇമോഷണൽ രംഗങ്ങളിലെ തീവ്രത കൂട്ടാൻ ആവശ്യത്തിന് മാത്രം പറന്നു വരുന്ന ഒരു ഡ്രോൺ ഷോട്ട് , ഉച്ചസ്ഥായിയിൽ നില്കുന്ന സീനിൽ നിന്ന് സൈലെൻസിലേയ്ക്ക് കട്ട് ചെയ്യുന്ന എഡിറ്റിംഗ്, അങ്ങനെ ഫിലിം മേക്കിങ്ങിന്റെ പാഠപുസ്തകം എന്ന് പറയാവുന്ന ഒരു സിനിമ .
ബെർഗ്മാന്റെ നാട്ടിൽ നിന്ന് ഹ്യൂമൻ സൈക്കോളജിയെ അതിസൂക്ഷ്മമായി വിശകലനം ചെയുന്ന മറ്റൊരു സംവിധായകൻ- Ruben Östlund. അദ്ദേഹത്തിന്റെ പുതിയ ചിത്രം 'The Square' (2017)- കാനിൽ Palme d'Or കരസ്ഥമാക്കി . ഇത്തവണത്തെ iffk യിൽ അതുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു