നിവിൻ പോളിയെ മോഹൻലാലുമായി താരതമ്യം ചെയ്യാൻ സമയം ആയിട്ടില്ലെന്ന് മുറവിളി കൂട്ടുന്നവർ വിഗ്രഹങ്ങൾ ഉടയുന്നത് കാണാൻ കെൽപ്പില്ലാത്ത ലോല ഹൃദയരാണ് .ആരും ആര്ക്കും പകരമല്ല എന്നത് പോലെ തന്നെ ആർക്കും സ്ഥിരമായി ഇവിടെ ഒന്നും ഇല്ല എന്നതും സത്യമാണ്. മല്ലിപ്പൂവ് ചോദിച്ച മലരിന്റെ ഫോണ്‍ കോളിനോടുവിൽ നിവിന്റെ മുഖത്ത് വന്ന ഭാവം അത്രയ്ക്കും റിയൽ ആയിരുന്നു.
സംഭവ ബഹുലത കൊണ്ട് ജോർജിന്റെ രണ്ടാമത്തെ അദ്ധ്യായം ആണ് കൂടുതൽ പ്രിയങ്കരമായത്. ബാക്ബെഞ്ചിൽ ഇരുന്ന് അലമ്പുകൾ കാണിച്ചും, കാമ്പസ്സിൽ മദ്യപിച്ചും തല്ലുണ്ടാക്കിയും ഒരു റിബലായി നടക്കുന്ന ആണ്‍ സംഘങ്ങളെ കൃത്യമായി വരച്ചിട്ടിരിക്കുന്നു . ഒരു പ്രായത്തിന്റെയും കാലത്തിന്റെയും ചടുലതയും ചോരത്തിളപ്പും കൃത്യമായി സംവെദിക്കപ്പെട്ടിരിക്കുന്നു.
മുഖ്യധാര സിനിമകളിൽ സ്ഥിരമായി കേട്ടു വന്നിരുന്ന ശബ്ദങ്ങളെ ( പരിസരവും സംഭാഷണങ്ങളും) പൂര്ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഏതൊക്കെയോ ഫ്രെയിമുകളിൽ ഒരു സമാന്തര സിനിമാക്കാരനെ ഓർമിപ്പിക്കുന്നു. ഹീറോയിസം കാണിക്കുംബോളും നായകൻ അതിമാനുഷൻ ആവുന്നില്ല, തൊട്ടടുത്ത നിമിഷത്തിൽ കൂട്ടുകാരുടെ ഒരു കളിയാക്കലിൽ അയാൾ നോർമൽ ആവുന്നുണ്ട്.നേരത്തിൽ കണ്ട വിഷ്വലുകളുടെ സ്വഭാവം തന്നെയാണു ഇവിടെയും ആവർത്തിക്കുന്നത് .സ്ലോ മോഷനുകൾ കൊണ്ടു ബോറടിപ്പിക്കുന്നവർക്ക് അത് എവിടെയൊക്കെ അളന്നും തൂക്കിയും ഉപയോഗിക്കണമെന്ന് സംവിധായകൻ കാണിച്ചു കൊടുക്കുന്നു. രണ്ടാമത്തെ ചിത്രം കഴിയുമ്പോൾ സമയം എന്ന വിസ്മയം തീർക്കുന്ന മാറ്റങ്ങളെ തികച്ചും അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു.
നിമിഷ നേരങ്ങളിലെ കേവല ഹാസ്യം മാത്രം ആഘോഷിക്കുകയും കൊട്ടക വിടുംബോൾ ചണ്ടിയായി ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന ഒരു പ്രേക്ഷക സമൂഹം പ്രേമത്തിനെ സ്വീകരികകുമ്പോൾ അസഹിഷ്ണുത ഉണ്ടാക്കുന്നുണ്ട്. എത്ര നാൾ ഇത് പോലെ പഴയ വീഞ്ഞുകളെ പുതിയ കുപ്പികളിൽ വിൽക്കാൻ കഴിയും. പുതുമയുള്ള നായികമാരെ മുന്നിൽ വെക്കുമ്പോഴും ജോർജ് പ്രേമിക്കുന്ന പെണ്ണുങ്ങൾ മൂന്നും കാഴ്ചയിൽ സുന്ദരികളാണ്, നല്ല ശബ്ദങ്ങൾക്ക് ഉടമകളാണ് എന്നതിൽ കവിഞ്ഞ് അവർക്ക് യാതൊന്നും മുന്നോട്ട് വെക്കാൻ ഇല്ല.
കൊടയ്ക്കാനാലിന്റെ മഞ്ഞും ഓര്മ്മ നഷ്ടപ്പെടുന്ന മലരും അവൾ മറന്നു പോകുന്ന ജോർജും പദ്മരാജന്റെ ഇന്നലയെ ഓർമിപ്പിക്കുന്നു. സിനിമയിൽ ഏറ്റവും ആഴത്തിൽ സ്പർശിക്കുന്നതും ആ ബന്ധമാണ്.
Alphonse Puthran |
കഥയിലെ പുതുമയ്കും മീതെ അതിന്റെ അവതരണത്തിൽ വിശ്വസിക്കുന്ന സംവിധായകനാണ് അൽഫോൻസ് .
നേരത്തിൽ നിന്നും പ്രേമത്തിലേക്ക് വരുമ്പോൾ തന്റെ കഴിവിൽ ആത്മവിശ്വാസവും വ്യക്തതയും ഉള്ളൊരു ചലച്ചിത്രകാരനെ കാണാനാകും.മസാലക്കൂട്ട് ആകുംബോളും ഓർത്തു വെക്കാൻ ഒരുപിടി കഥാപാത്രങ്ങളെയും കൊണ്ടാവും നമ്മൾ കൊട്ടക വിടുക .
ചില നേരങ്ങളിലെ കൂട്ടുകാരുടെ പരസ്പരം ഉള്ള സംഭാഷണങ്ങൾ കൂട്ടചിരികൽക്കു വഴിവെക്കുമ്പോൾ , അത് സിനിമയുടെ ജീവശ്വാസം തന്നെയായി മാറുന്നു.